സിമന്റിനും സ്റ്റീലിനും ഇനി പാസ്പോർട്ട്! കെട്ടിട നിർമ്മാണ മേഖലയിൽ പുത്തൻ മാറ്റവുമായി ദുബായ്!
ഇനി മനുഷ്യർക്ക് മാത്രമല്ല, കെട്ടിടം പണിയാൻ ഉപയോഗിക്കുന്ന വസ്തുക്കൾക്കും പാസ്പോർട്ട് വരുന്നുണ്ട് ദുബായിൽ. നിർമ്മാണ മേഖലയിൽ വലിയൊരു മാറ്റത്തിനാണ് ദുബായ് മുനിസിപ്പാലിറ്റി തുടക്കമിടുന്നത്. സ്റ്റീൽ, അലൂമിനിയം, സിമന്റ് തുടങ്ങിയ വസ്തുക്കൾക്ക് ‘ബിൽഡിംഗ് മെറ്റീരിയൽസ് പാസ്പോർട്ട്’ നൽകാനാണ് തീരുമാനം. ദുബായ് ഫ്യൂച്ചർ വീക്കിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം വന്നത്.
2027-ന്റെ തുടക്കത്തിൽ ഈ പുതിയ സംവിധാനം നിലവിൽ വരും. എമിറേറ്റിലെ നിർമ്മാതാക്കൾക്കും വിതരണക്കാർക്കുമെല്ലാം ഇത് നിർബന്ധമാണ്. ലാബോറട്ടറി പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്ന ഓരോ ഉൽപ്പന്നത്തിനും പ്രത്യേകം നമ്പറും സാങ്കേതിക വിവരങ്ങളും ഉണ്ടാകും. ഒരേ തരത്തിലുള്ള സിമന്റ് ആണെങ്കിൽ പോലും വ്യത്യസ്ത കമ്പനികളുടെ ഉൽപ്പന്നങ്ങൾക്ക് വെവ്വേറെ പാസ്പോർട്ട് ഉണ്ടാകും, ഇത് വസ്തുക്കളുടെ ഉറവിടവും ഗുണനിലവാരവും എളുപ്പത്തിൽ മനസ്സിലാക്കാൻ അധികൃതരെ സഹായിക്കും.
ഇറക്കുമതി കുറയ്ക്കുക, നിർമ്മാണച്ചെലവ് നിയന്ത്രിക്കുക, കാർബൺ പുറന്തള്ളൽ കുറയ്ക്കുക, പരിസ്ഥിതി സൗഹൃദ നിർമ്മാണ രീതി പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ പല ലക്ഷ്യങ്ങളും ഈ പദ്ധതിക്കുണ്ട്. തുടക്കത്തിൽ സ്റ്റീൽ, അലൂമിനിയം, സിമന്റ് എന്നിവയ്ക്കാണ് പാസ്പോർട്ട് നൽകുന്നതെങ്കിലും, ഭാവിയിൽ എല്ലാ നിർമ്മാണ വസ്തുക്കളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നവംബർ 21 വരെ എമിറേറ്റ്സ് ടവേഴ്സിലും മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിലുമായി നടക്കുന്ന ദുബായ് ഫ്യൂച്ചർ വീക്കിൽ പതിനായിരത്തിലധികം വിദഗ്ധരും നയരൂപകർത്താക്കളും പങ്കെടുക്കുന്നുണ്ട്.
English Summary: Dubai Municipality has announced the launch of a mandatory “Building Materials Passport” system, set to take effect in early 2027 for all manufacturers and suppliers in the emirate. Revealed during Dubai Future Week—running until November 21 at Emirates Towers and the Museum of the Future—the initiative will initially cover steel, aluminum, and cement before expanding to all construction materials. Following laboratory testing, each product will receive a unique identification number and technical profile, with separate passports issued even for identical material types from different companies to ensure full traceability of origin and quality. The move aims to reduce imports, curb construction costs, cut carbon emissions, and accelerate sustainable building practices across Dubai.