മഴത്തുള്ളിക്ക് പിന്നിലെ സാങ്കേതികവിദ്യ. യുഎഇയുടെ ക്ലൗഡ് സീഡിങ് എത്രത്തോളം ഫലപ്രദം?
പുതിയ മേഘങ്ങൾ സൃഷ്ടിക്കുകയല്ല, അനുയോജ്യമായ മേഘങ്ങളിൽ നിന്ന് കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കാനുള്ള ഒരു ശാസ്ത്രീയ ഉപാധി മാത്രമാണ് ക്ലൗഡ് സീഡിങ്.
എൻസിഎം റഡാറുകളും നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ച് അനുയോജ്യമായ മേഘങ്ങൾ കണ്ടെത്തിയ ശേഷമാണ് വിമാനങ്ങൾ അയക്കുന്നത്. സോഡിയം ക്ലോറൈഡ്, പൊട്ടാസ്യം ക്ലോറൈഡ്, മഗ്നീഷ്യം ലവണങ്ങൾ അടങ്ങിയ സൂക്ഷ്മ ഹൈഗ്രോസ്കോപ്പിക് കണങ്ങൾ ഫ്ലെയറുകൾ വഴി മേഘത്തിലേക്ക് വിതറുന്നു. ഈ കണങ്ങൾ ജലത്തുള്ളികളെ ആകർഷിച്ച് കൂട്ടിയിടിപ്പിച്ച് മഴയായി താഴേക്ക് എത്തിക്കാൻ സഹായിക്കുന്നു.
എങ്കിലും, മേഘത്തിന്റെ സ്വഭാവം, ഈർപ്പം, കാറ്റ് തുടങ്ങിയ സ്വാഭാവിക ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാൽ എല്ലാ സീഡിങ് ദൗത്യങ്ങൾക്കും മഴ ഉറപ്പില്ല.
ലോക കാലാവസ്ഥാ സംഘടനയുടെ വിലയിരുത്തൽ പ്രകാരം, തെളിഞ്ഞ ആകാശത്ത് മേഘങ്ങൾ സൃഷ്ടിക്കാനോ, കാറ്റിന്റെ ദിശ മാറ്റി ഈർപ്പം കൊണ്ടുവരാനോ, പ്രളയം പോലുള്ള തീവ്ര കാലാവസ്ഥ നിയന്ത്രിക്കാനോ ക്ലൗഡ് സീഡിങ്ങിന് കഴിയില്ല. പ്രകൃതിദത്ത മേഘങ്ങളുടെ കാര്യക്ഷമത കൂട്ടാൻ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്.
പരിസ്ഥിതി വെല്ലുവിളികളെ അതിജീവിച്ച് ജലസുരക്ഷ ഉറപ്പാക്കാനും നൂതന ശാസ്ത്രീയ മാർഗ്ഗങ്ങൾക്കൊപ്പം സഞ്ചരിക്കാനും യുഎഇ നടത്തുന്ന നിരന്തരമായ ഗവേഷണങ്ങളും ദീർഘവീക്ഷണവുമാണ് ഇത്തരം മുന്നേറ്റങ്ങളെ ലോകത്തിന് മാതൃകയാക്കുന്നത്.
English Summary:
The UAE’s cloud seeding program scientifically enhances rainfall from existing clouds using hygroscopic particles, rather than creating clouds from clear skies. Managed by the NCM, the process relies on natural factors like wind and moisture, meaning rain is never guaranteed. While it cannot control extreme weather, it remains a vital scientific tool for the UAE’s sustainable water security.