നവംബർ പകുതിയോടെ യു.എ.ഇയിൽ ശക്തമായ മഴയ്ക്കും തണുപ്പൻ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നവംബർ ആദ്യവാരങ്ങളിൽ തന്നെ മഴയുടെ തുടർച്ചയായ തരംഗങ്ങൾ രാജ്യത്ത് എത്തിയേക്കുമെന്നാണ് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ഭരണസമിതി അധ്യക്ഷനായ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് മാസത്തിന്റെ രണ്ടാം വാരത്തിൽ കൂടുതൽ ശക്തവും വ്യാപകവുമായ മഴയ്ക്കാണ് സാധ്യത കാണുന്നത്.
കാലാവസ്ഥാ പ്രവചനങ്ങളുടെ കൃത്യതയെക്കുറിച്ചും അദ്ദേഹം വ്യക്തമായ വിവരങ്ങൾ പങ്കുവെക്കുന്നുണ്ട്. ആദ്യ 48 മണിക്കൂർ വരെയുള്ള ചുരുങ്ങിയ സമയത്തെ പ്രവചനങ്ങൾ 90 ശതമാനത്തിലധികം കൃത്യതയുള്ളതാണ്. ഈ സമയപരിധിയിൽ എവിടെയൊക്കെ എത്രത്തോളം മഴ പെയ്യുമെന്ന് കൃത്യമായി തിരിച്ചറിയാൻ സാധിക്കും. എന്നാൽ 3 മുതൽ 8 ദിവസം വരെയുള്ള ഇടത്തരം പ്രവചനങ്ങളിൽ കൃത്യത 60 മുതൽ 80 ശതമാനം വരെയായി കുറയും.
ദിവസങ്ങൾ കൂടുംതോറും പ്രവചനങ്ങളുടെ കൃത്യത കുറയുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. 9 മുതൽ 15 ദിവസം വരെയുള്ള പ്രവചനങ്ങൾക്ക് 50 ശതമാനത്തിൽ താഴെ മാത്രമാണ് കൃത്യതയുണ്ടാവുക. അതുകൊണ്ടുതന്നെ ഇത്തരം ദീർഘകാല പ്രവചനങ്ങളെ ഒരു കൃത്യമായ തീയതിയായി കാണാതെ, കാലാവസ്ഥയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളുടെ ഒരു സൂചനയായി മാത്രം കാണുന്നതാണ് ഉചിതം.
English Summary The UAE is preparing for heavy rainfall and colder winds expected by mid-November. Ibrahim Al Jarwan, Chairman of the Emirates Astronomy Society, stated that successive waves of rain could begin as early as the first week of November, with more intense and widespread showers anticipated during the second week. He also clarified the reliability of weather predictions, noting that while short-term forecasts (up to 48 hours) boast an accuracy of over 90%, long-term predictions (9 to 15 days) drop below 50% accuracy. Residents are advised to treat long-range forecasts as general indicators of changing weather patterns rather than exact schedules.