യുഎഇ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ജയിക്കാൻ അറിയണം ഈ ഫോർമുല!
യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് കൃത്യമായ പരിശീലനത്തിലൂടെ എളുപ്പത്തിൽ വിജയിക്കാൻ കഴിയുന്ന ഒന്നാണ്. എമിറേറ്റുകൾ അനുസരിച്ച് ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും, പ്രാക്റ്റിക്കൽ പരീക്ഷ പ്രധാനമായും യാർഡ് ടെസ്റ്റും റോഡ് ടെസ്റ്റുമായാണ് നടക്കുന്നത്.
- യാർഡ് ടെസ്റ്റ് (പാർക്കിങ് ടെസ്റ്റ് )
റോഡിലിറങ്ങുന്നതിന് മുമ്പ് വാഹനം കൃത്യമായി നിയന്ത്രിക്കാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുന്ന ഘട്ടമാണിത്. പാരലൽ പാർക്കിംഗ്, ഗാരേജ് പാർക്കിംഗ്, ആംഗിൾ പാർക്കിംഗ്, ഹിൽ പാർക്കിംഗ് എന്നിവയാണ് ഇതിൽ പ്രധാനമായും ഉള്ളത്. കോണുകളിലോ കർബിലോ തട്ടാതെ, ഇൻഡിക്കേറ്ററും മിററും സ്റ്റിയറിംഗും കൃത്യമായി ഉപയോഗിച്ച് വണ്ടി ഒതുക്കണം. ദുബായിൽ ആർടിഎയുടെ യാർഡ് ടെസ്റ്റ് പാസായ ശേഷമേ റോഡ് ടെസ്റ്റ് ബുക്ക് ചെയ്യാൻ കഴിയൂ.
- റോഡ് ടെസ്റ്റ്
ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ യഥാർത്ഥ ട്രാഫിക്കിൽ നടക്കുന്ന അവസാന ഘട്ട പരീക്ഷയാണിത്. സീറ്റ് ബെൽറ്റ് ധരിക്കൽ, മിറർ അഡ്ജസ്റ്റ്മെന്റ്, സ്മൂത്ത് സ്റ്റാർട്ട്, ലെയ്ൻ ഡിസിപ്ലിൻ, സ്പീഡ് കൺട്രോൾ, റൗണ്ട് എബൗട്ടിലെ ശരിയായ ലെയ്ൻ ഉപയോഗം, സേഫ് ഡിസ്റ്റൻസ് എന്നിവയെല്ലാം ഇവിടെ പരിശോധിക്കപ്പെടും. ദുബായിൽ പരീക്ഷാ സമയം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സെന്ററിൽ എത്തേണ്ടതുണ്ട്.
പരീക്ഷയിൽ സാധാരണയായി സംഭവിക്കുന്ന തെറ്റുകൾ:
• ലെയ്ൻ മാറുമ്പോൾ ബ്ലൈൻഡ് സ്പോട്ട് നോക്കാതിരിക്കുക. • ഇൻഡിക്കേറ്റർ ഇടാൻ മറക്കുക. • റൗണ്ട് എബൗട്ടുകളിൽ തെറ്റായ ലെയ്ൻ തിരഞ്ഞെടുക്കുക. • പാർക്കിംഗിൽ കർബിലോ കോണിലോ തട്ടിക്കുക. • സ്പീഡ് വളരെ കൂട്ടിവിടുകയോ കുറയ്ക്കുകയോ ചെയ്യുക. • സ്റ്റോപ്പ് ലൈൻ കടന്ന് വാഹനം നിർത്തുക. • ടെൻഷൻ കാരണം വാഹനം ഓഫ് ആക്കുക.
വിജയിക്കാനുള്ള പ്രധാന ടിപ്പുകൾ:
വാഹനത്തിൽ കയറിയയുടൻ സീറ്റും മിററുകളും ക്രമീകരിച്ച് സീറ്റ് ബെൽറ്റ് ഇടുക. ലെയ്ൻ മാറുമ്പോൾ ‘മിറർ – ഇൻഡിക്കേറ്റർ – ബ്ലൈൻഡ് സ്പോട്ട് ചെക്ക് – സ്മൂത്ത് മൂവ്’ എന്ന ക്രമം പാലിക്കുക. ഇൻസ്പെക്ടറുടെ നിർദ്ദേശങ്ങൾ വ്യക്തമായില്ലെങ്കിൽ വിനയത്തോടെ വീണ്ടും ചോദിക്കാം. ചെറിയ തെറ്റുകൾ സംഭവിച്ചാലും പരിഭ്രമിക്കാതെ സുരക്ഷിതമായി ഡ്രൈവിംഗ് തുടരുക.
ഷാർജ, അബുദാബി തുടങ്ങിയ എമിറേറ്റുകളിൽ അപ്പോയിന്റ്മെന്റ് സിസ്റ്റത്തിലും പാർക്കിംഗ് രീതികളിലും ചെറിയ മാറ്റങ്ങളുണ്ട്. ഷാർജയിൽ എസ്.ഡി.ഐ (ഷാർജ ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട്) വഴിയും അബുദാബിയിൽ താം (TAMM) സിസ്റ്റം വഴിയുമാണ് നടപടികൾ ക്രമീകരിച്ചിരിക്കുന്നത്.
English Summary: Looking to pass your UAE driving license test on the first try? This guide breaks down the essential formulas to clear both the Yard (parking) and Road tests. Discover key RTA evaluation criteria, common mistakes to avoid—like missing blind spots or incorrect roundabout usage—and expert tips for stress-free driving. Whether you are applying through Dubai RTA, Abu Dhabi TAMM, or Sharjah SDI, follow these proven strategies to master your final road test.