
ലൈസൻസ് കിട്ടാൻ ഇനി വെറും ‘പാസ്’ പോരാ! യുഎഇയിൽ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് നിയമങ്ങൾ വരുന്നു!
2027 ജനുവരി 1 മുതൽ യുഎഇയിൽ ഡ്രൈവിംഗ് ടെസ്റ്റ് നിയമങ്ങളിൽ ചില വലിയ മാറ്റങ്ങൾ വരുന്നുണ്ട്. ഇനി മുതൽ ലൈസൻസ് കിട്ടണമെങ്കിൽ പ്രാക്ടിക്കൽ പരീക്ഷയിൽ കുറഞ്ഞത് 75% മാർക്ക് എങ്കിലും വേണം. എന്നാൽ എത്ര നല്ല മാർക്ക് കിട്ടിയാലും, ഓടിക്കുന്നതിനിടയിൽ ചില ഗുരുതരമായ തെറ്റുകൾ വരുത്തിയാൽ അപ്പോൾ തന്നെ പരീക്ഷയിൽ തോൽക്കും. ടെസ്റ്റുകൾ കൂടുതൽ കൃത്യവും സുതാര്യവും ആക്കാനാണ് ഈ പുതിയ പരിഷ്കാരം.
അത്തരത്തിൽ ഒറ്റയടിക്ക് തോൽക്കാൻ കാരണമാകുന്ന 6 പ്രധാന തെറ്റുകൾ ഇവയാണ്:
- വണ്ടിയുടെ കൺട്രോൾ പോവുക.
- റോഡരികിലെ റോഡ് സൈഡ് കല്ലിലോ (Kerb) ബാരിയറിലോ വണ്ടി മുട്ടിക്കുക.
- റോഡ് സൈനുകളും റെഡ് സിഗ്നലും ശ്രദ്ധിക്കാതെ പോവുക.
- ഗിയർ മാറ്റുമ്പോൾ അപകടകരമായ രീതിയിൽ തെറ്റ് വരുത്തുക.
- അപകടമുണ്ടാക്കുന്ന രീതിയിലോ നിയമവിരുദ്ധമായോ വണ്ടി നിർത്തുകയോ പാർക്ക് ചെയ്യുകയോ ചെയ്യുക.
- ബൈക്ക് ടെസ്റ്റിനിടയിൽ കാൽ നിലത്ത് തൊടുക.
ഇതുകൂടാതെ, വണ്ടി ഓടിക്കുമ്പോൾ അപകടം ഒഴിവാക്കാൻ എക്സാമിനർക്ക് ഇടപെടേണ്ടി വന്നാലും ആ ടെസ്റ്റിൽ തോൽക്കും.
ഇനി പരീക്ഷയിൽ തോറ്റാൽ, പരീക്ഷ നടത്തുന്ന അതോറിറ്റി അടുത്ത തീയതി തരും. വീണ്ടും ടെസ്റ്റ് എടുക്കുന്നതിന് മുൻപ് ഇത്ര ദിവസം കാത്തിരിക്കണമെന്നോ, വീണ്ടും ഇത്ര ക്ലാസുകൾ നിർബന്ധമായും എടുക്കണമെന്നോ പുതിയ നിയമത്തിൽ വ്യക്തമായി പറയുന്നില്ല. പക്ഷെ അതത് എമിറേറ്റുകളിലെ അതോറിറ്റികൾക്ക് ഇതിൽ തീരുമാനമെടുക്കാം. 2027 ജനുവരി 1 മുതൽ നടക്കുന്ന എല്ലാ ഡ്രൈവിംഗ് ടെസ്റ്റുകൾക്കും ഈ നിയമം ബാധകമാണ്. നിലവിൽ ക്ലാസ് എടുത്തു കൊണ്ടിരിക്കുന്നവരും ടെസ്റ്റ് ബുക്ക് ചെയ്തവരുമെല്ലാം ഈ പുതിയ രീതി അനുസരിച്ച് തന്നെ ടെസ്റ്റ് നേരിടേണ്ടി വരും.
English Summary: Starting January 1, 2027, the UAE is introducing stricter regulations for driving tests, requiring candidates to score a minimum of 75% on their practical exams to pass. The updated system also outlines six critical errors that will result in an instant failure: losing control of the vehicle, hitting a curb or barrier, ignoring traffic signals or road signs, making dangerous gear shifts, parking or stopping illegally, and touching the ground during a motorcycle test. Additionally, any physical intervention by the examiner to prevent an accident will cause an automatic fail. These new rules will apply to all candidates taking the test from 2027 onwards, regardless of when they enrolled or booked their test.